Sunday 9 December 2012

ഹരിത ജാലകത്തിന്റെ ഓര്‍മയില്‍ ഒരു കിളിപാടുന്നു

ചടയമംഗലം ഉപജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത

ഹരിത ജാലകത്തിന്റെ  ഓര്‍മയില്‍ 
ഒരു കിളിപാടുന്നു


കരിനിഴല്‍ ചാലിച്ചോരീ 

കാല ചക്രത്തിന്റെ
പിന്നാലെ പായുന്നു 
നാട്ടു പക്ഷികള്‍ 
വീഥികള്‍ ആയിരം കടന്നങ്ങു 
യാത്രാ മധ്യത്തില്‍ 
മിന്നി മറഞ്ഞെങ്ങോര്‍മകള്‍ 
ഒരായിരം ഓര്‍മ വേളകള്‍ 
ഞാന്‍ ഇന്ന് മടുക്കുന്ന 
ന്റെ   ജീവിത വീഥിയില്‍ 
കാര്‍ന്നു തിന്നുന്ന കാലത്തിനൊടുവില്‍ 
ഇന്നെന്നടുത്തെത്തി 
തഴുകി തലോടിയെന്നോര്‍മകള്‍ 
ആധുനിക കാലത്തിലെന്നെ 
സാന്ത്വനിപ്പിക്കുവാന്‍ 
മണ്ണില്‍ മരിയ്ക്കാത്ത ഓര്‍മകളെത്തി 
ഒരിയ്ക്കല്‍, എന്റെ ബാല്യകാലത്തില്‍ 
കരയാതെ, അലറാതെ, 
ഈ ഭൂമി ചിരിച്ചിരുന്നു. 
അന്ന് കണ്ടൊരാ നഗ്ന സത്യങ്ങളില്‍ 
ഭൂമി അമ്മയോ പാല്‍ ചുരന്നു 
പരക്കെ ഒഴുകിടും 
ആറ്റുവക്കത്തൊരാ 
ഞാനുമെന്‍ തോഴരും നിരന്നിരുന്നു 
അതിനടുത്തായ് ഒരത്തി മരത്തില്‍ 
കലപിലകള്‍ കൂട്ടുന്ന കാക്കകളും. 
കൂടുകൂട്ടുന്ന കുട്ടിപ്പിറാവും 
അധ്വാന വീഥിയില്‍ മരം കൊത്തിയും 
പിന്നിലോ കുടിലുകള്‍ 
തീ പുകയ്ക്കുമ്പോള്‍ വേവുന്ന 
പുത്തരി ചോറിന്‍ മണവും 
കൂനി നടക്കുന്ന ഉണ്ണൂലി മുത്തിയും 
പാകമാക്കുന്നു കറികള്‍ പലതും 
അതിനിടയിലെടുത്തു പറയുവാന്‍ 
നിഴലായ് നിലാവായ് ഹരിതാഭകള്‍ 
പട്ടുടുപ്പിട്ടൊരാ പച്ച മരത്തണല്‍ 
പാട വരമ്പും കുളക്കോഴിയും 
നെന്‍മണി കൊത്തുന്ന പച്ചക്കിളികളും  
സ്വര്‍ണ നിറം പൂണ്ട തെളിമാനവും 
ആലോലമാടും മുളംകാടുകള്‍ 
കളകളം പാടുന്ന ജലവാഹികള്‍ 
കുറിഞ്ഞി മലകള്‍ക്കുമപ്പുറത്തോടുന്ന 
മാനും, മുയലും, പുള്ളിപ്പുലിയും 
ഓര്‍മ്മകള്‍ നുണയുന്ന നേരത്ത് 
ഞാനറിയുന്നു ഇത് വെറും സ്വപ്നം 
ഓര്‍മ്മകള്‍ നുണയുന്ന നേരത്ത് ഞാനറിയുന്നു 
ഹരിതകാലത്തിന്റെ ഓര്‍മയില്‍ 
ഇത്തിരി ആശ്വാസമായൊരു കവിതകൂടി. 
കരഞ്ഞു തളര്‍ന്നങ്ങുറങ്ങാന്‍ വിതുമ്പുന്ന 
ഭൂമിയമ്മയ്ക്കായ്‌ ഒരു കവിതകൂടി 

Wednesday 27 June 2012

കീഴടങ്ങല്‍


പറയുവാനേറെ ബാക്കിയുണ്ടെങ്കിലും
പറയുവാന്‍ നേരമായില്ല, എങ്കിലുമെ-
നിയ്ക്കിന്നു നിന്നോട്,
പറയാതെ വയ്യ
സമൂഹമേ നിന്നോട് പറയാതെ വയ്യ

നിന്നില്‍ നീയറിയാതറിഞ്ഞങ്ങു
പൊഴിയുന്ന കണ്ണീര്‍ കണങ്ങള്‍
ഇന്ന് നീ പറയാന്‍ മടിക്കുന്ന
പഴമയുടെ പൊലിമകള്‍
നിന്നില്‍ നിന്നകലേക്ക് പോയി

നിന്നില്‍ വിതച്ചു ഞാന്‍
നന്മയുടെ വിതകളും
നെല്‍ക്കതിര്‍ ചുണ്ടിനാല്‍
ഹരിതാഭ ലോകവും
അതിനിന്നു വിളകളായ്‌ തിന്മ മാത്രം

മുറിവേറ്റ കരളുമായ്‌
അറിയാതറിഞ്ഞു ഞാന്‍
നെല്ല് വിളഞ്ഞിന്നു പാകമായ്
ഞാന്‍ കണ്ട വിളയല്ലിതെല്ലാം
പകരമായ് കണ്ണിന്നു മുന്നില്‍ മണിമേടകള്‍

തൊട്ടടുത്തങ്ങു  നോക്കി നിന്നപ്പോഴാ
ചോര മണം പൂകുന്ന വാക്കത്തികള്‍
പിന്നെ ഞാന്‍ കണ്ടങ്ങ്‌ പെരുമയുടെ ലോകം
അതിനിന്നടയാളമായ് കണ്ടു ഞാന്‍
പാതയോരത്തെ കബന്ധങ്ങള്‍

നഗ്നനേത്രങ്ങളില്‍
ബാക്കിയായ് കാഴ്ചകള്‍
കൂനപോല്‍ കൂടും നവജാത ശിശുക്കളും
പിന്നെയും കണ്ടുഞാന്‍ ആയിരം കാഴ്ചകള്‍
കാണാന്‍ നിനച്ചതല്ലെങ്കിലും കാലമേ

പൊട്ടിക്കരയുന്ന പെന്‍ കിടാങ്ങള്‍
ഒക്കത്ത് കുഞ്ഞുമായ് തെരു-
വില്‍ അനാഥമായ് ,ചതികളില്‍
വീണൊരാ ചപലകള്‍

പുറമേ വെളുപ്പുമായ്‌
പടനയിക്കുന്നതീ വ്രണപ്പെട്ട
നാവുമായ് കരിങ്കാലികള്‍
അവര്‍ക്കിന്നധികാര മറവിലോ
സുഖജീവിതം 

ക്രൂരമാം കാഴ്ചകള്‍ കണ്ടങ്ങു
നീങ്ങി ഞാന്‍, നോവുമായൊ-
ഴുകുന്ന പുഴതന്നടുക്കല്‍
അവിടെയെനിക്കായ്‌ കാത്തു വച്ചോ-
രായിരം കാഴ്ചകള്‍ കണ്ടുഞാന്‍ നില്‍ക്കവേ
പറയാതെ പറയാം ഞാന്‍ കണ്ട കാഴ്ച്ചതന്‍
ഒഴുകാത്ത പുഴയും മണല്‍ പരപ്പും
പുഴയില്‍ ശേഷിച്ച മണ്ണിന്റെ
മാറില്‍ ഉറങ്ങുന്നു നാടിന്റെ
ചപ്പും ചവറും

തീര്‍ന്നില്ലയെങ്കിലും പറഞ്ഞങ്ങു നിര്‍ത്തി ഞാന്‍
പറഞ്ഞാലും തീരാത്തൊരാ-
യിരം ചിത്രങ്ങള്‍
കണ്ടു ഞാന്‍ നമ്മുടെ സാമൂഹ്യ വീഥിയില്‍
എന്നിക്കിനി വയ്യാ .....
എനിക്കിനി വയ്യൊരീ കാഴ്ചകള്‍ കാണുവാന്‍

 

Monday 18 June 2012

മാതൃത്വം

മാതൃത്വത്തിന്നോമല്‍ ചിറകുകളാല്‍ 
മാടിയോതുക്കുന്നെന്നെയമ്മ 
എന്‍ ചിത്തത്തില്‍ വിമ്പുന്നോ-
രായിരമാത്മ നൊമ്പരങ്ങളെ 
അമ്മതന്‍ കണ്ണിലെ കൃഷ്ണ മണികളാമെന്റെ 
ജീവന്റെ നിശ്വാസമമ്മ
നൊമ്പര പൂക്കള്‍ വിരിയുന്ന നേരത്ത് 
മൊട്ടിട്ട സൗഗന്ധ പുഷ്പമാണമ്മ 
എന്‍ മനം നൊന്താല്‍ പൊടിയുന്ന-
തെന്നമ്മയുടെ മനമാണെന്നറിയവേ 
എന്തോ പുകയുന്നെന്‍ ഉള്ളിന്റെയുള്ളില്‍ 
കരളിലെ നോവിന്‍ കയ്പ്പാര്‍ന്ന കണ്ണീരു പോലെ

സാന്ത്വനം

ഏകയായ് ഞാനിവിടെ നില്‍ക്കവേ 
ഈ ഭൂമി തന്നൊരാ കോണില്‍ വസിക്കവേ
പരിഹാസമായി പറയുന്ന വാക്കുകള്‍ 
ഒറ്റപ്പെടലിനെ അവഗണിക്കുന്നു 
ഇതെന്തിനു വേണ്ടിയീ അവഗണന 
                    ഈ ഭൂമിയുടെ മക്കള്‍ തന്നെ നാമെല്ലാം 
                    കാടും, മേടും, കാട്ടരുവികളും
                    ഇവയെല്ലാമുണ്ട് നമുക്ക് കൂട്ടായ്
                    എന്‍ സ്വപ്നമാണവയുടെ സാന്ത്വനങ്ങള്‍ 
ആര്‍ക്കുമെവിടെയുമെപ്പോഴും
വന്നു ചേരുമീ ഒറ്റപ്പെടല്‍ 
മണി മാളികയില്‍ ആകവേയെങ്കിലും
വന്നു ചേരുമീ ഏകാന്തത 
വന്നുപോകുമീ ഏകാന്തത
                   സ്വന്തമല്ലാത്തവരെഥാര്‍ത്ഥ സ്നേഹികള്‍
                   അത് തിരിച്ചറിഞ്ഞിടൂ  സോദരങ്ങളെ
                   ഭൂമിയെന്നമ്മയുടെ മക്കള്‍ 
                   മാനവരെന്ന ബുദ്ധിശാലികള്‍ 

Wednesday 13 June 2012

വിതുമ്പുന്ന വാര്‍ദ്ധക്യം

ചില്ലു കൂടാരങ്ങള്‍ക്കൊളിവില്‍ 
പതിയിരിക്കുന്ന പകല്‍ പക്ഷി 
ചിറകൊടിഞ്ഞവളുടെ  തേങ്ങലില്‍ 
പതിയിരിക്കുന്നോരാത്മ നൊമ്പരം 
ഉദയ സൂര്യന്റെ പ്രഭയിലും 
ഇരുളിന്റെ മറവിലും 
സാഗരത്തിന്നിരമ്പല്‍ പോലെ 
കണ്ണുനീര്‍ പൊഴിക്കുന്നു പകല്‍ പക്ഷി 
ആരോരുമില്ലാത്ത ഏകാന്തതയില്‍ 
മൂകയായ്‌ അന്ധയായ് ബധിരയായവള്‍ 
പാഴ് വാക്കുകളും വീണുടഞ്ഞ സ്വപ്നങ്ങളും 
കാതുകളെ കുത്തിത്തുളയ്ക്കുന്ന കുടിലതയും 
കെട്ടുപോയൊരായിരം മനങ്ങളോര്‍ക്കുക 
പകല്‍പക്ഷിയെ പോലൊരിയ്ക്കല്‍ 
തേങ്ങിക്കരഞ്ഞിടേണ്ടവര്‍ നമ്മളും